October 23, 2025

വിചിത്രമായ ചിരി



  

സദാനന്ദ പണിക്കർ ചെറിയ തോതിൽ ഓഹരി വിപണിയിൽ പണം ഇട്ടിരുന്നു . വലിയ തുകകൾ നിക്ഷേപിക്കാനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിനില്ലായിരുന്നു. അതിനാൽ മിക്ക ദിവസങ്ങളിലും അദ്ദേഹം "മെയ്ക് മി റിച്" എന്ന ബ്രോക്കറേജ് സ്ഥാപനത്തിൽ കുറച്ച് സമയം ചെലവഴിക്കുകയും ഒരേ ദിവസം ഓഹരികൾ വാങ്ങിയും വിറ്റും ഏതാനും തുക സമാഹരിക്കയും ചെയ്തു. എന്നിരുന്നാലും, ചില ദിവസങ്ങളിൽ അദ്ദേഹത്തിന് പണം നഷ്ടപ്പെടുമായിരുന്നു.
ഒരു ദിവസം, അടുത്ത് വരാനിരിക്കുന്ന ഒരു ബ്ലൂ-ചിപ്പ് ഓഹരിയെക്കുറിച്ചു ഒരു സൂചന അയാൾ കേട്ടു. അത് കുതിച്ചുയരുമെന്ന് പ്രവചിക്കപ്പെട്ടിരുന്നതിനാൽ ഒരു നല്ല തുക നിക്ഷേപിക്കുകയും ചെയ്തു. അപ്പോൾ പിന്നിൽ ആരുടെയോ ഒരു വിചിത്രമായ ചിരി അയാൾ കേട്ടു. തിരിഞ്ഞു നോക്കിയപ്പോൾ ആരും അവിടെ ഉണ്ടായിരുന്നതുമില്ല. ഒരാഴ്ച കഴിഞ്ഞപ്പോൾ, ആ ഓഹരി തകർന്നു. കമ്പനി, അക്കൗണ്ടുകളിൽ വ്യാജം കാണിച്ചതിനാൽ നിയമനടപടി നേരിടുകയാണെന്നും മറ്റും മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തി.
പണിക്കർ ദീർഘകാലമായി കോടതിയിൽ ഒരു പൂർവ്വിക സ്വത്ത് കേസ് നടത്തുകയും നിയമ ചിലവിനായി വലിയൊരു തുക ചെലവഴിക്കുകയും ചെയ്തിരുന്നു. കേസ് ശക്തമാണെന്നും ഉടൻ തന്നെ വിധി പുറപ്പെടുവിക്കുമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ ഉറപ്പുനൽകി. വാദം കേൾക്കുന്ന ദിവസം, അദ്ദേഹം മറ്റൊരു പട്ടണത്തിലെ ജില്ലാ കോടതിയിലേക്ക് നേരത്തെ പുറപ്പെട്ടു. കോടതിമുറിയിൽ പ്രവേശിച്ചപ്പോൾ, പിന്നിൽ നിന്ന് അതേ വിചിത്ര ചിരി കേട്ടു ഞെട്ടി, അയാൾ തിരിഞ്ഞു നോക്കി. പക്ഷേ വീണ്ടും, അവിടെ ആരും ഉണ്ടായിരുന്നില്ല. അത് അസ്വസ്ഥതയുടെ ഒരു വിറയൽ അയാളിൽ ഉളവാക്കി. തന്റെ പേര് വിളിച്ചപ്പോൾ അയാൾ തിടുക്കത്തിൽ അകത്തേക്ക് കയറി. കോടതി, അയാൾക്കെതിരെ വിധി പുറപ്പെടുവിച്ചപ്പോൾ ഞെട്ടിപ്പോയി. മാത്രവുമല്ല, എതിർ കക്ഷിക്ക് ചെലവ് നൽകാനും ഉള്ള ഉത്തരവും തുടർന്ന് ഉണ്ടായി. വിചിത്രമായ ആ ചിരിയെക്കുറിച്ചു ഓർത്തപ്പോൾ, ഭയപ്പെട്ടുവെങ്കിലും , താൻ ഒരു യുക്തിവാദിയാണെന്നും അന്ധവിശ്വാസിയല്ലെന്നും സ്വയം ശകാരിച്ചു, അയാൾ ആശ്വസിച്ചു.

അയാളുടെ അച്ഛൻ രാഘവ പണിക്കരും ഒരു ഇടതു സഹയാത്രികനും നിരീശ്വരവാദിയും ആയിരുന്നല്ലോ.അയാളുടെ തണലായി ജീവിതം ഹോമിച്ച പ്രായമായ അമ്മ, രാഘവേട്ടന്റെ വേർപാടിന് ശേഷം, അടുത്തുള്ള അമ്പലവും  'പതീത പാവന സീതാറാം' ആയും ദിനങ്ങൾ തള്ളിനീക്കി. സാമാന്യം നല്ല ജോലിയും വരുമാനവും ഉള്ള മകനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചുകൊണ്ടിരുന്നു. അത് വൈകിപ്പിക്കാൻ ഒരു കാരണവുമില്ലായിരുന്നു. ഒടുവിൽ അവൻ സമ്മതിച്ചപ്പോൾ, അമ്മ അതിയായി സന്തോഷിച്ചു. അവർ പെട്ടെന്ന് തന്നെ അനുയോജ്യമായ ഒരു പങ്കാളിയെ കണ്ടെത്തി.
അയാളെക്കാൾ വിദ്യാഭ്യാസമുള്ള, മികച്ച ജോലിയുള്ള ഒരു സുന്ദരി- സാധന . ഇരുവരും പരസ്പരം ഇഷ്ടപ്പെട്ടു.
വിവാഹദിവസം തീരുമാനിച്ചു. ചടങ്ങിന് ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുകൂടി. താലി കെട്ടിനുള്ള ശുഭമുഹൂർത്തം വന്നെത്തി. പുരോഹിതൻ ഉച്ചത്തിൽ മന്ത്രങ്ങൾ ചൊല്ലാൻ തുടങ്ങി. ഉറ്റവർക്കൊപ്പം കൈകളിൽ മംഗലസൂത്രവുമായി പണിക്കർ മണ്ഡപത്തിലേക്ക് വധുവിന്റെ അടുത്തേക്ക് നീങ്ങി. നാദസ്വരവും താളമേളങ്ങളും കാതടപ്പിക്കുന്ന ശബ്ദം സൃഷ്ടിച്ചു. ചുറ്റുമുള്ള പുഞ്ചിരിക്കുന്ന മുഖങ്ങൾക്കിടയിൽ പണിക്കർ താലിമാലയുടെ കെട്ടഴിക്കാൻ കുനിഞ്ഞപ്പോൾ,  ചുറ്റുമുള്ള    കോലാഹലങ്ങൾ ക്കിടയിലും പെട്ടെന്ന് പഴയ അതേ വിചിത്രമായ ചിരി അയാൾ വ്യക്തമായി കേട്ടു . ഇത്തവണ, ഒന്നല്ല, രണ്ടുതവണ. പണിക്കരുടെ മുഖം വിളറി, വിയർത്തു, ഭയത്താൽ കാൽമുട്ടുകൾ കൂട്ടിയിടിച്ചതുപോലെ, തളർന്നുപോയി. പുരോഹിതന്റെ നിർദേശപ്രകാരം , അഭിനന്ദനങ്ങളുടെയും ആശംസകളുടെയും കോലാഹലങ്ങൾക്കിടയിൽ അയാൾ തിടുക്കത്തിൽ താലിച്ചരട് മൂന്ന് കെട്ടുകൾ കെട്ടി. എന്നിരുന്നാലും, ഒരു പ്രേതത്തെ കണ്ടതുപോലെയുള്ള അയാളുടെ ചാരനിറത്തിലുള്ള ഭാവം പലരും ശ്രദ്ധിച്ചു. വധു ആശങ്കയോടെ അയാളെ നോക്കി. ആരോ അയാൾക്ക് ഒരു തണുത്ത പാനീയം കൊണ്ടുവന്നു കൊടുത്തു .

ചടങ്ങുകളെല്ലാം അവസാനിച്ചു എല്ലാവരും മടങ്ങി.
പിന്നീട്,അന്നത്തെ ആദ്യ രാത്രിയിൽ, മുറിയിൽ വധു വരന്മാർ ഒരുമിച്ചിരിക്കുമ്പോൾ, സാധന അയാളോട് ചോദിച്ചു, "ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ?"
അയാൾ തലയാട്ടിയപ്പോൾ അവൾ തുടർന്നു,  "വിവാഹത്തിന് ഞാൻ തല കുനിച്ചപ്പോൾ നിങ്ങളുടെ മുഖം വിളറി, വിയർക്കുന്നുണ്ടായിരുന്നു. ഇത്രയും സന്തോഷകരമായ ആ നിമിഷത്തിൽ വളരെ ദുഃഖിതനായി നിങ്ങളെ കണ്ടല്ലോ. എന്നെ ഇഷ്ടമായിരുന്നില്ല എന്നുണ്ടോ ?."
അയാൾ മുഖത്ത് ഒരു കൃത്രിമ പുഞ്ചിരി വരുത്തി, "ഏയ് ഒന്നുമില്ല" എന്ന് മറുപടി നൽകി.
അവൾ അയാളെ കൂടുതൽ നിർബന്ധിച്ചപ്പോൾ, മുൻ സംഭവങ്ങൾ വിവരിച്ചുകൊണ്ട് അയാൾ പറഞ്ഞു, "ഇന്ന് വീണ്ടും അതേ വിചിത്രമായ ചിരി ഞാൻ കേട്ടു, ഇത്തവണ രണ്ടുതവണ - ഞാൻ താലിച്ചരട് കെട്ടഴിക്കാൻ കുനിഞ്ഞപ്പോളാണത് . അത് എന്നെ നടുക്കി."
സാധന ചിരിച്ചുകൊണ്ട് അയാളെ കളിയാക്കി, " ഇത്ര മടയനും അന്ധവിശ്വാസിയുമാണ് നിങ്ങൾ എന്ന് ഞാൻ കരുതിയില്ല. ആ കമ്പനിയെക്കുറിച്ചും അക്കൗണ്ടുകൾ തട്ടിപ്പ് നടത്താൻ അവർ പ്രൊമോട്ടർമാരുമായി എങ്ങനെ     ഒത്തുകളിച്ചുവെന്നും എനിക്കറിയാം. നിങ്ങൾക്ക് മാത്രമല്ല, എനിക്കും പണം നഷ്ടപ്പെട്ടു, എന്റെ അച്ഛനും നിരവധി സുഹൃത്തുക്കൾക്കും അതെ അബദ്ധം പറ്റി. "
"എന്റെ സ്വത്ത് കേസ് തള്ളിയതിനെക്കുറിച്ചോ ?" അദ്ദേഹം ചോദിച്ചു.
"വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജഡ്ജിമാർ വിധി പറഞ്ഞത്. ഒരു നിയമപരമായ തീരുമാനത്തെ സ്വാധീനിക്കാൻ, ഒരു ചിരി വരുന്നുവെന്നത് ശുദ്ധ അസംബന്ധമാണ്. അന്ധവിശ്വാസിയായ, നിരക്ഷരനെന്നപ്പോലെയുള്ള ഒരു ആളിനെ എനിക്ക്  ഭർത്താവായി  വേണ്ട.  നിങ്ങൾ വിവേകിയും യുക്തി ബോധവു മുള്ളവ നായിരിക്കും എന്ന് എനിക്ക് ഉറപ്പു തരാമോ ," അവൾ മൃദുവായി പറഞ്ഞു. പിന്നീട് അയാളുടെ മുടിയിൽ തലോടികൊണ്ടു ,പെട്ടെന്ന് മുറുക്കെ കെട്ടിപ്പിടിച്ച് ചുംബിച്ചു .

കൃത്യം ഒരു വർഷത്തിനുശേഷം, സദാനന്ദ  
പണിക്കർ,  ടൗണിലുള്ള ആശുപത്രിയുടെ പ്രസവമുറിക്ക് പുറത്തുള്ള ലോഞ്ചിൽ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അപ്പോഴാണ്  ഒരു നഴ്‌സ്, വിചിത്ര രൂപഭാവത്തോടെ, 
 അയാളെ അകത്തേക്ക് വിളിച്ചത്. എന്താണ് അയാളെ കാത്തിരിക്കുന്നതെന്ന് ഒരു ഊഹവുമില്ലാതെ, തിടുക്കത്തിൽ മിടിക്കുന്ന ഹൃദയത്തോടെ ,അയാൾ അകത്തു കയറി. പുഞ്ചിരിക്കുന്ന സാധനയേയും രണ്ട് കുഞ്ഞുങ്ങളെ - ഒരു പെൺകുട്ടിയെയും ഒരു ആൺകുട്ടിയെയും - മാറത്തു ചേർത്ത് പിടിച്ചുകൊണ്ട് നിൽക്കുന്ന മറ്റൊരു നഴ്സിനെയുമാണ് അയാൾ കണ്ടത്. അത്ഭുതത്തോടെ അയാൾ കുഞ്ഞുങ്ങളെ
കാണാൻ അടുത്തേക്ക് നീങ്ങിയപ്പോൾ, ഒരു പുഞ്ചിരിയോടെ സാധന അയാളെ കളിയാക്കി ചിരിച്ചു, "താലിച്ചരട് കെട്ടാൻ കുനിഞ്ഞപ്പോൾ ഒന്നിന് പകരം രണ്ട് വിചിത്രമായ ചിരികൾ കേട്ടതു എന്തുകൊണ്ടാണെന്നു എനിക്ക് ഇപ്പോൾ മനസ്സിലായി!".

1 comment:

വിചിത്രമായ ചിരി

   സദാനന്ദ പണിക്കർ ചെറിയ തോതിൽ ഓഹരി വിപണിയിൽ പണം ഇട്ടിരുന്നു . വലിയ തുകകൾ നിക്ഷേപിക്കാനുള്ള സാമ്പത്തിക ശേഷി അദ്ദേഹത്തിനില്ലായിരുന്നു. അതിനാ...